കൊടികുത്തിമലയില്‍ ഇനി സഞ്ചാരികള്‍ക്ക് പുലരിയും അസ്തമയവും കാണാം; പ്രവേശന സമയം നീട്ടി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്കായി സൂര്യോദയവും സൂര്യാസ്തമയവും കാണാൻ സൗകര്യമൊരുക്കി പ്രവേശന സമയം പുനഃക്രമീകരിച്ചു. ഇനിമുതൽ പുലർച്ചെ 1.30 മുതൽ വൈകുന്നേരം 6.30 വരെ ടിക്കറ്റ് എടുത്ത് പ്രവേശിക്കാമെന്നും തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പ്രവേശനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
മലപ്പുറം: കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്കായി പ്രവേശന സമയം പുനഃക്രമീകരിച്ചു. ഇതോടെ മലമുകളിൽ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും കണ്ടുമടങ്ങാൻ സഞ്ചാരികൾക്ക് അവസരമൊരുങ്ങും. പുതിയ ക്രമീകരണത്തിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തിമലയിലെ പ്രകൃതിഭംഗിയും വാച്ച് ടവറിൽ നിന്നുള്ള വിശാലമായ കാഴ്ചകളുമാണ് പ്രധാന ആകർഷണം. മലമുകളിലെ കുളിർകാറ്റും പച്ചപ്പും ആസ്വദിക്കാൻ ദിനംപ്രതി നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.
പുതിയ സമയക്രമമനുസരിച്ച് പുലർച്ചെ 1.30 മുതൽ വൈകുന്നേരം 6.30 വരെ ടിക്കറ്റ് എടുത്ത് പ്രവേശിക്കാം. അസ്തമയക്കാഴ്ചകൾ കണ്ടതിനു ശേഷം രാത്രി 7.30 ഓടെ സന്ദർശകർ മല ഇറങ്ങണം. തിങ്കളാഴ്ചകളിൽ പ്രവേശനമുണ്ടാകില്ല.
നേരത്തെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയായിരുന്നു സന്ദർശന സമയം. സമയം ദീർഘിപ്പിച്ചതോടെ വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ കൊടികുത്തിമലയിലേക്ക് എത്തുമെന്നാണ് ടൂറിസം അധികൃതരുടെ പ്രതീക്ഷ.




