2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കടുത്തുരുത്തിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; 12 പേര്‍ക്ക്‌ പരുക്ക്‌

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 05:31 AM
പങ്കുവെക്കുക:
കടുത്തുരുത്തിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; 12 പേര്‍ക്ക്‌ പരുക്ക്‌
കടുത്തുരുത്തിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; 12 പേര്‍ക്ക്‌ പരുക്ക്‌കേരളപ്രഭാതം

കടുത്തുരുത്തി മുട്ടുചിറയിൽ കാറും പാചകവാതക ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്കേറ്റു.

കടുത്തുരുത്തി: ഏറ്റുമാനൂർ-വൈക്കം റോഡിൽ മുട്ടുചിറയ്ക്ക് സമീപം ആറാം മൈലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരുൾപ്പെടെ 12 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 10.45-ഓടെ കടുത്തുരുത്തി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെയെത്തിയ പാചകവാതക കാലി സിലിണ്ടറുകൾ കയറ്റിയ ലോറി കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഈ സമയം ലോറിയുടെ തൊട്ടുപിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ബസ് യാത്രക്കാരായ ഏറ്റുമാനൂർ തലമടയിൽ ഗീത റാണി (66), മോഹൻ ചന്ദ്രൻ (57), കൊല്ലം അരയൻകാവ് ബിനു ഭവനിൽ ബിനു (44), ഭാര്യ രഞ്ചു (44), മകൾ അഞ്ചു (18), കഞ്ഞിക്കുഴി പത്തൻപറമ്പിൽ മാണിക്യം (66), മൽഹാകലൻ (47), പന്തളം കക്കാപ്പറമ്പിൽ ഗൗരി (21), പാലക്കാട് വടക്കാഞ്ചേരി പങ്കപറമ്പ് തങ്കം (42), ചങ്ങനാശ്ശേരി അൻസാം മൻസിൽ ഷാജിദ ഹനീഫ് (64), പന്തളം സജി ഭവനിൽ രാധാമണി (60), കായംകുളം പുത്തൻപുരയ്ക്കൽ അനീഷ് (44) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും കാറിന്റെ പിൻഭാഗവും പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ-വൈക്കം റോഡിൽ ഏറനേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന്, റോഡിന് നടുവിൽ തകരാറിലായി കിടന്ന ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം