പെരിയാറിൽ നിന്ന് മണൽ വാരി, കൊല്ലത്തേക്ക് പോകുന്നതിനിടെ വാഹനം പിന്തുടർന്ന് പിടികൂടി പൊലീസ്; ഡ്രൈവർ അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് കടത്താൻ ശ്രമിച്ച ഒരു ലോഡ് മണലുമായി ഡ്രൈവർ തലയോലപ്പറമ്പ് സ്വദേശി ധനേഷിനെ (38) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ മഹിളാലയം പാലത്തിന് സമീപത്തുവെച്ച് വാഹനം പിന്തുടർന്ന് പിടികൂടിയ പൊലീസ്, അനധികൃത മണൽ വാരലിനെതിരെ നടപടി ശക്തമാക്കുമെന്ന് അറിയിച്ചു.
ആലുവ: പെരിയാറിൽ നിന്ന് അനധികൃതമായി വാരി കടത്തുകയായിരുന്ന ഒരു ലോഡ് മണലുമായി ടിപ്പർ ലോറി പൊലീസ് പിടികൂടി. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറായ തലയോലപ്പറമ്പ് സ്വദേശി ധനേഷ് മുരളീധരനെ (38) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ പെരിയാർ തീരത്തുനിന്ന് മണൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തെ പൊലീസ് പിന്തുടർന്ന് മഹിളാലയം പാലത്തിന് സമീപത്തുവെച്ചാണ് സാഹസികമായി തടഞ്ഞുനിർത്തിയത്.
ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ പി.എം. ഷമീർ, എസ്.ഐ രഞ്ജിത്ത് മാത്യു, സി.പി.ഒമാരായ എസ്. അഖിൽ, സ്റ്റാൻലി വർഗീസ്, ഹരികൃഷ്ണൻ, എം.എസ്. അതുൽ, അനന്തു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പെരിയാറ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണൽ വാരൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ആലുവ പൊലീസ് അറിയിച്ചു.




