പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങി; വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം.
ആലപ്പുഴ: സി.പി.എമ്മിനെയും സംസ്ഥാന നേതൃത്വത്തെയും പ്രതിരോധത്തിലാക്കി മുൻ മന്ത്രി ജി. സുധാകരൻ വീണ്ടും രംഗത്ത്. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത് പിണറായി വിജയനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ വി.എസ്. അച്യുതാനന്ദൻ നേരിട്ട് രംഗത്തിറങ്ങിയിരുന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ലാവ്ലിൻ കേസിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നുവെന്ന് കാണിച്ച് വി.എസ് കുറിപ്പ് വായിച്ച അനുഭവം സുധാകരൻ പങ്കുവെച്ചു. "മന്ത്രിസഭായോഗം ചേരുന്നതിനിടെ വി.എസ് തന്റെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പറെടുത്ത് വായിക്കുകയായിരുന്നു. എന്നാൽ അന്ന് താൻ എഴുന്നേറ്റുനിന്ന് ഇതിനെ ശക്തമായി എതിർത്തു. അന്നത്തെ മന്ത്രിമാരായിരുന്ന എസ്. ശർമ്മയും മേഴ്സിക്കുട്ടിയമ്മയും തനിക്കൊപ്പം നിലപാടെടുത്തു," - സുധാകരൻ പറഞ്ഞു. എതിർപ്പ് ശക്തമായതോടെ 'എന്നാൽ ഇതിവിടെ കിടക്കട്ടെ' എന്ന് പറഞ്ഞ് വി.എസ് ആ പേപ്പർ തിരികെ പോക്കറ്റിൽ വെക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം നേതൃത്വവുമായി അകന്നുനിൽക്കുന്ന ജി. സുധാകരന്റെ പുതിയ പരാമർശങ്ങൾ പാർട്ടി വൃത്തങ്ങളിൽ വലിയ ചർച്ചയായായിട്ടുണ്ട്.




