തിരുനാവായയിലെ താമരപ്പാടങ്ങൾ പൂത്തു, പക്ഷേ, കർഷകരുടെ പ്രതീക്ഷകൾ വാടി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കായൽപ്പാടങ്ങളിൽ താമരപ്പൂക്കൾ നിറഞ്ഞുവിരിഞ്ഞെങ്കിലും ആവശ്യക്കാരില്ലാത്തതും കടുത്ത വിലയിടിവും കാരണം തിരുനാവായയിലെ കർഷകർ പ്രതിസന്ധിയിലായി. 'പുഷ്പഗ്രാമം' പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ സംഭരണ-വിപണന സംവിധാനങ്ങളും സർക്കാർ പിന്തുണയും വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
തിരുനാവായ: കായൽപ്പാടങ്ങളിൽ മനംമയക്കുന്ന കാഴ്ചയായി താമരപ്പൂക്കൾ വിരിഞ്ഞുനിൽക്കുമ്പോഴും കർഷകരുടെ മനസ്സിൽ ആശങ്കയുടെ തീമഴ. തിരുനാവായയിലും സമീപപ്രദേശങ്ങളിലുമുള്ള താമരക്കർഷകരാണ് വിപണിയിലെ ആവശ്യക്കുറവും കടുത്ത വിലയിടിവും കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. വിളവെടുക്കാനാകാതെ ലക്ഷക്കണക്കിന് പൂക്കളാണ് പാടങ്ങളിൽത്തന്നെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്നത്.
വലിയപറപ്പൂർ കായൽ, കോട്ടക്കൽ, തിരുത്തി, ചാലിയാർപാടം, അജിതപ്പടി, പള്ളാർ തുടങ്ങിയ പ്രദേശങ്ങളിലാണ് മേഖലയിൽ വ്യാപകമായി താമരക്കൃഷിയുള്ളത്. ക്ഷേത്രങ്ങളിലെ ആവശ്യങ്ങളും പൂജകളുമാണ് പ്രധാന വിപണി. ഓണം അടക്കമുള്ള പ്രധാന ഉത്സവ സീസണുകൾ കഴിഞ്ഞതോടെ ആവശ്യക്കാർ കുത്തനെ കുറഞ്ഞതാണ് വിപണിക്ക് തിരിച്ചടിയായത്. ഇത്തവണ ഗണേശോത്സവത്തിന്റെ സമയത്തിലുണ്ടായ മാറ്റവും തിരിച്ചടിയായതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
സാധാരണ ദിവസങ്ങളിൽ താമരമൊട്ടുകൾക്ക് നല്ല വില ലഭിക്കാറുണ്ടെങ്കിലും നിലവിൽ വിപണി മന്ദഗതിയിലായതോടെ വില കുത്തനെ ഇടിഞ്ഞു. പൂക്കൾ വിറ്റഴിക്കാനാകാത്തതിനാൽ വിളവെടുപ്പിനായി ഇറക്കിയ മൂലധനവും അധ്വാനവും പോലും തിരികെ ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. വരാനിരിക്കുന്ന നവരാത്രി-പൂജ ദിനങ്ങളിൽ വിപണി ഉണരുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, അതുവരെ പാടത്ത് നശിച്ചുപോകുന്ന പൂക്കൾ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
കാറ്റിൽപ്പറന്ന് 'പുഷ്പഗ്രാമം' പ്രഖ്യാപനം
താമരക്കൃഷിയുടെ സാധ്യതകൾ മുൻനിർത്തി തിരുനാവായയെ 'പുഷ്പഗ്രാമം' ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ കടലാസിലൊതുങ്ങിയെന്നാണ് കർഷകരുടെ ആക്ഷേപം. താമരയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ, ഔഷധ ഉൽപ്പന്നങ്ങൾ, മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിച്ച് വിപണിയിലെത്തിച്ചാൽ പൂക്കൾ പാഴാകുന്നത് തടയാനും അധികവരുമാനം കണ്ടെത്താനും കഴിയും.
വില സ്ഥിരതയില്ലായ്മയ്ക്ക് പുറമെ തൊഴിലാളിക്ഷാമം, കീടബാധ, അടിക്കടിയുണ്ടാകുന്ന പ്രളയം എന്നിവയും കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. മേഖലയിലെ കർഷക കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ കാര്യക്ഷമമായ സംഭരണ-വിപണന സംവിധാനങ്ങളും സർക്കാർതല പിന്തുണയും അടിയന്തരമായി ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.




