2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രതിഷേധം മുന്നിൽക്കണ്ട് ജാഗ്രത കാണിച്ചില്ല; മന്ത്രിമാരുടെ സുരക്ഷയിൽ പോലീസിന് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 06:55 AM
പങ്കുവെക്കുക:
പ്രതിഷേധം മുന്നിൽക്കണ്ട് ജാഗ്രത കാണിച്ചില്ല; മന്ത്രിമാരുടെ സുരക്ഷയിൽ പോലീസിന് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്
പ്രതിഷേധം മുന്നിൽക്കണ്ട് ജാഗ്രത കാണിച്ചില്ല; മന്ത്രിമാരുടെ സുരക്ഷയിൽ പോലീസിന് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്കേരളപ്രഭാതം

മന്ത്രിമാർക്കും നേതാക്കൾക്കും സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാനും ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധ സാധ്യതയെക്കുറിച്ച് നേരത്തെ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ ജാഗ്രത പുലർത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന വിമർശനം.

പാർട്ടി ഓഫീസുകൾക്ക് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നെങ്കിലും മതിയായ ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ 20 മിനിറ്റോളം സമരക്കാർ വഴിയിൽ തടഞ്ഞുവെച്ചിട്ടും സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സെക്രട്ടറിയേറ്റിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ നടന്ന സംഭവത്തിലെ സുരക്ഷാവീഴ്ചയെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനുണ്ടായ വീഴ്ചയിൽ ഡിജിപി കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്തുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം മന്ത്രിമാരെ വഴിയിൽ തടയുന്ന സമരരീതി വ്യാപകമായിരുന്നു. ഡൽഹിയിൽ നിന്നുമെത്തി ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയെ ചാക്കയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോഴും സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നില്ല. മന്ത്രി ഒ.ജെ. ജനീഷിനെതിരെ നെയ്യാറ്റിൻകരയിലും പിന്നീട് കെ.എം. ഷാജിക്കെതിരെയും ഉണ്ടായ പ്രതിഷേധങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നിഷ്ക്രിയത്വമാണുണ്ടായത്. ഇന്നലെ മാത്രം എട്ടോളം സ്ഥലങ്ങളിലാണ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം സമരക്കാർ തടഞ്ഞത്.

യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകി. ഇന്നും ശക്തമായ കരിങ്കൊടി പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ മന്ത്രിമാർ പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രാവഴികളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാനും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം