'ജോസേട്ടന്റേത് നല്ല കൈനീട്ടമായി', കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്: സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 40 ലക്ഷം രൂപ നൽകി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ തൃശ്ശൂർ സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.എസ്.ആർ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
തിരുവനന്തപുരം: ‘ജോസേട്ടന്റേത് നല്ല കൈനീട്ടമാകട്ടെ’ എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്ക് ഫലിച്ചു. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകാൻ വീണ്ടും സഹായമെത്തി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 40 ലക്ഷം രൂപയുടെ സഹായം നൽകിയത്.
കഴിഞ്ഞ മന്ത്രിസഭാ യോഗദിവസമാണ് അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപ കൈമാറിയത്. ഇന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ഓഫീസിലെത്തിയ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് അടുത്ത ബസിനുള്ള തുകയുമായി സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളുമെത്തുകയായിരുന്നു.
സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് ഗതാഗത മന്ത്രി സി.പി. ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. തുടർന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ ചെക്ക് ഏറ്റുവാങ്ങി. സൊസൈറ്റിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
തൃശൂർ ഡിപ്പോയിലേക്ക് പുതിയ ബസ് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകി. പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് തുക അനുവദിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും അവർ അറിയിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണിത്.
ചടങ്ങിൽ യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ്, തൃശ്ശൂർ എം.എൽ.എ രാജൻ ജെ. പല്ലൻ, സൊസൈറ്റി എം.ഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി. മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവർ പങ്കെടുത്തു.
നേരത്തെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും സി.എസ്.ആർ ഫണ്ടിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് ഒരു പുതിയ ബസ് വാങ്ങി നൽകിയിരുന്നു.




