'അമ്മേ..വീണ്ടും നമ്മൾ കണ്ടുമുട്ടുന്ന ആ ദിവസം വരെ..'; മനമുലഞ്ഞ് റോബിൻ രാധാകൃഷ്ണൻ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ അന്തരിച്ച അമ്മയെ ഓർത്ത് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. അമ്മയുടെ വേർപാടും അത് നൽകുന്ന വേദനയും ഓർമിപ്പിക്കുന്ന വൈകാരികമായ വരികളാണ് റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മലയാളം ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ അന്തരിച്ച അമ്മയെ ഓർത്ത് ഹൃദയസ്പർശിയായ കുറിപ്പ്. അമ്മയുടെ വേർപാടിൽ വേദന പങ്കുവെക്കുന്ന കുറിപ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് റോബിൻ പങ്കുവെച്ചത്.
ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധേയനായ ഡോക്ടർ റോബിൻ രാധാകൃഷ്ണന് അടുത്തിടെയാണ് അമ്മയെ നഷ്ടമായത്.
"അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ.. ഇന്ന് നിങ്ങളുടെ ചിരിയും ഒരുമയും നിറഞ്ഞ മനോഹരമായ ദിവസമായിരിക്കേണ്ടതായിരുന്നു. പക്ഷേ, ഇപ്പോൾ അമ്മ നമ്മോടൊപ്പമില്ല. അമ്മയുടെ അഭാവം ഈ ദിവസത്തെ ഒരുപാട് വേദന നിറഞ്ഞതാക്കുന്നു. അമ്മ നമ്മളെ വിട്ടുപോയെങ്കിലും ആ സ്നേഹം ഒരിക്കലും നമ്മളെ വിട്ടുപോകില്ല. അമ്മയുടെ ഓർമ്മകളും പുഞ്ചിരിയും ശബ്ദവും നമ്മൾ ഒരുമിച്ച് പങ്കിട്ട ആ ചെറിയ ചെറിയ നിമിഷങ്ങളുമെല്ലാം എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും," റോബിൻ കുറിച്ചു.
അമ്മയുടെ വേർപാട് അച്ഛനുണ്ടാക്കിയ വേദനയെക്കുറിച്ചും റോബിൻ കുറിപ്പിൽ ഓർമിക്കുന്നു. "ഇന്നത്തെ ദിവസം അച്ഛന് എത്രത്തോളം വേദനാജനകമായിരിക്കുമെന്ന് എനിക്ക് അറിയാം. അമ്മ അച്ഛന് ഒരു ഭാര്യ മാത്രമായിരുന്നില്ല, അച്ഛന്റെ ഏറ്റവും വലിയ കൂട്ടുകാരിയും ശക്തിയുമായിരുന്നു. രണ്ടാൾക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ. എവിടെയായിരുന്നാലും നമ്മൾ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ഓരോ ദിവസവും എത്രത്തോളം മിസ് ചെയ്യുന്നുവെന്നും അമ്മ അറിയുന്നുണ്ടാകുമെന്ന് കരുതുന്നു. ഒരുപാട് മിസ് ചെയ്യുന്നു അമ്മേ... വീണ്ടും നമ്മൾ കണ്ടുമുട്ടുന്ന ആ ദിവസം വരെയും അമ്മ എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും," എന്ന് റോബിൻ കുറിച്ചു.
റിയാലിറ്റി ഷോയിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ റോബിൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു.




