പതിനഞ്ചുകാരന് നേരേ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, 43കാരന് 47 വർഷം കഠിനതടവും പിഴയും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ദാസ് ആന്റണിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് അമ്മ നൽകിയ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം: പതിനഞ്ചുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 43കാരന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ദാസ് ആന്റണിയെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.
2025 മേയ് 24-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്ക് കൊടുക്കാൻ അരിയുമായി വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ സമയം പ്രതിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പീഡനത്തിനിടെ മറ്റൊരാൾ വീട്ടിലെത്തിയപ്പോൾ കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. കുട്ടിയെ തിരഞ്ഞെത്തിയ മുത്തച്ഛനോട് കുട്ടി മടങ്ങിയെന്ന് പറഞ്ഞ് പ്രതി തെറ്റിദ്ധരിപ്പിക്കുകയും തുടർന്നും പീഡനം തുടരുകയും ചെയ്തു.
ഭയം കാരണം കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പോകാൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ കുട്ടി വിസമ്മതിക്കുകയും സഹോദരിയോട് സംഭവം വെളിപ്പെടുത്തുകയുമായിരുന്നു. പ്രതി ബന്ധുവായതിനാൽ പൊലീസിൽ പരാതിപ്പെടരുതെന്ന് മറ്റ് ബന്ധുക്കൾ സമ്മർദം ചെലുത്തിയെങ്കിലും കുട്ടിയുടെ അമ്മ വലിയതുറ പൊലീസിൽ പരാതി നൽകി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഭിഭാഷക പി. സുരഭി എന്നിവർ ഹാജരായി. വലിയതുറ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ആർ. പ്രകാശ്, എസ്. അരുൺ എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും 3 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.




