കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ; 40ലേറെ പുതിയ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി 40ലേറെ പുതിയ റൂട്ടുകളോടെ പ്രതിദിന സർവീസുകൾ 585 ആയി ഉയർത്തുന്നു. കൊച്ചിയിൽ നിന്ന് ബാങ്കോക്ക്, കുവൈത്ത് എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈൻ, റിയാദ് എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കും.
ന്യൂഡൽഹി: ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി വിമാന സർവീസുകൾ വൻതോതിൽ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വിന്റർ ഷെഡ്യൂളിൽ 40 ലേറെ പുതിയ ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കമ്പനിയുടെ പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയരും.
പുതിയ ക്രമീകരണമനുസരിച്ച് പ്രതിദിനം 435 ആഭ്യന്തര സർവീസുകളും 150 അന്താരാഷ്ട്ര സർവീസുകളുമാണുണ്ടാവുക. ആഴ്ചയിലെ ആകെ സർവീസുകളുടെ എണ്ണം 3,150ൽ നിന്ന് 4,100 ആയി വർധിക്കും.
ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പ്രധാനമായും വിപുലീകരിക്കുന്നത്. കേരളത്തിന് വൻ പ്രയോജനം ലഭിക്കുന്ന രീതിയിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ റൂട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന പുതിയ സർവീസുകൾ:
കൊച്ചി – ബാങ്കോക്ക്
കൊച്ചി – കുവൈത്ത്
തിരുവനന്തപുരം – ബഹ്‌റൈൻ
തിരുവനന്തപുരം – റിയാദ്
വരും ദിവസങ്ങളിൽ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂൾ പൂർണമായി നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു.




