വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത, ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ച തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു.
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം അനുവദിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് പ്രവേശനം നൽകുകയെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.
കുട്ടികളിൽ വന്യജീവികളെക്കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മ്യൂസിയം മൃഗശാല വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ മൃഗശാലകളിലൊന്നായ തിരുവനന്തപുരത്ത് സിംഹം, കടുവ, കാണ്ടാമൃഗം, വിവിധയിനം മാനും പക്ഷികളും ഉരഗങ്ങളുമടക്കം ആയിരത്തിലധികം ജീവികളുണ്ട്.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:15 വരെയാണ് മൃഗശാലയുടെ പ്രവർത്തന സമയം. പ്രവേശനം സൗജന്യമാക്കിയ പശ്ചാത്തലത്തിൽ വൻ വിദ്യാർത്ഥി തിരക്കാണ് പ്രതീക്ഷിക്കുന്നത്.




