തയ്യാറാക്കിയത് 1600 അഴിമതിക്കാരുടെ പട്ടിക, മുന്നിൽ റവന്യൂ,എൽഎസ്ജിഡി, എംവിഡി ഉദ്യോഗസ്ഥരെന്ന് മനോജ് എബ്രഹാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും ഇടനിലക്കാരിൽ നിന്നും പണം വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വിജിലൻസ് നടപ്പാക്കുന്ന 'പ്രോജക്ട് സീറോ'യുടെ ഭാഗമായി 1600 പേരുടെ അഴിമതിപ്പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഇതിൽ 250 പേർ ഗുരുതര അഴിമതി ആരോപണം നേരിടുന്ന 'റെഡ് കാറ്റഗറി'യിലുള്ളവരാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് (എൽ.എസ്.ജി.ഡി), മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഭൂരിഭാഗവും.
കൈക്കൂലി വാങ്ങുന്ന രീതികളിൽ വലിയ മാറ്റമാണ് ഉദ്യോഗസ്ഥർ വരുത്തിയിരിക്കുന്നത്. പണത്തിന് പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് പലരും കൈക്കൂലി കൈപ്പറ്റുന്നത്. വിദേശത്ത് പഠിക്കുന്ന മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാർ മുഖേന ഡിജിറ്റലായി പണം വാങ്ങിയ സംഭവം വരെ അന്വേഷണത്തിൽ കണ്ടെത്താനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിക്കാരായ ഉദ്യോഗസ്ഥർ ബിനാമി പേരുകളിലാണ് ഭൂരിഭാഗം ഇടപാടുകളും നടത്തുന്നത്. ഇനി മുതൽ എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും ഫയൽ നീക്കങ്ങളും കർശനമായി നിരീക്ഷിക്കും. ഫയൽ കൈമാറ്റത്തിൽ അസ്വാഭാവികതയോ കാലതാമസമോ ശ്രദ്ധയിൽപ്പെട്ടാൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും വിജിലൻസ് ഡയറക്ടർ വ്യക്തമാക്കി.




