‘ഇന്ത്യ 1000 മടങ്ങ് സുരക്ഷിതം’; ലണ്ടനിലെത്തിയ ആദ്യ ദിവസം തന്നെ മോഷണത്തിന് ഇരയായ സംഭവം വിവരിച്ച് ബെംഗളൂരു സിഇഒ, കുറിപ്പ് വൈറൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ലണ്ടനിലെത്തിയ ആദ്യദിവസം തന്നെ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സിഇഒ കൗശിക് മുദ്ദയ്ക്ക് നേരെ മോഷണശ്രമം നടന്നു. യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് പുറത്തുവെച്ച് നടന്ന തട്ടിപ്പ് തിരിച്ചറിഞ്ഞ അദ്ദേഹം മോഷ്ടാക്കളെ നേരിട്ട് തന്‍റെ ബാഗ് തിരികെ എടുത്തു. ഇതിന് പിന്നാലെ ഇന്ത്യ ലണ്ടനേക്കാൾ ആയിരം മടങ്ങ് സുരക്ഷിതമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ലണ്ടൻ: ബ്രിട്ടൻ തലസ്ഥാനമായ ലണ്ടനിലെത്തിയ ആദ്യദിവസം തന്നെ മോഷണശ്രമത്തിന് ഇരയായ അനുഭവം പങ്കുവെച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ് സി.ഇ.ഒ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഈതറിയൽ മെഷീൻസ്' സഹസ്ഥാപകനും സി.ഇ.ഒയുമായ കൗശിക് മുദ്ദയ്ക്കാണ് ലണ്ടനിൽ വെച്ച് ദുരനുഭവമുണ്ടായത്. മോഷണശ്രമം സമയോചിതമായി ചെറുത്തുതോൽപ്പിച്ച അദ്ദേഹം, ഇന്ത്യ ലണ്ടനേക്കാൾ ആയിരം മടങ്ങ് സുരക്ഷിതമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) കുറിച്ചു.
സെൻട്രൽ ലണ്ടനിലെ യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് പുറത്തുവെച്ചായിരുന്നു സംഭവം. ടാക്സിയിൽ കയറുന്നതിനായി ലഗേജ് കാറിന്‍റെ ബൂട്ടിൽ വെച്ച ശേഷം കൗശിക് ഉള്ളിലിരിക്കുകയായിരുന്നു. ഈ സമയം ഒരാൾ വന്ന് കാറിന്‍റെ ടയർ പഞ്ചറാണെന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. ടയർ പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു വ്യക്തി കാറിന്‍റെ ബൂട്ടിൽ നിന്ന് ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടത്.
തട്ടിപ്പ് മനസ്സിലാക്കിയ കൗശിക് ഉടൻ തന്നെ ഇടപെടുകയും മോഷ്ടാവിനെ തള്ളിയിട്ട് ബാഗ് തിരികെ പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് മോഷ്ടാക്കൾ രണ്ടുപേരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
"മോഷ്ടാവിനെ തള്ളിയിട്ട് ബാഗ് തിരിച്ചെടുത്തു, അവർ ഓടിപ്പോയി" - സംഭവം വിവരിച്ച് കൗശിക് എക്‌സിൽ കുറിച്ചു. ലണ്ടനുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ എത്രയോ മടങ്ങ് സുരക്ഷിതമാണെന്ന അദ്ദേഹത്തിന്‍റെ പോസ്റ്റ് വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
നിരവധി പേരാണ് കൗശികിന്‍റെ പോസ്റ്റിന് പിന്തുണയുമായും ലണ്ടനിൽ തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങൾ പങ്കുവെച്ചും രംഗത്തെത്തിയത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഫോൺ-ബാഗ് മോഷണങ്ങൾ നടക്കുന്ന നഗരങ്ങളിലൊന്നാണ് ലണ്ടനെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഒറ്റപ്പെട്ട ഒരു സംഭവം കൊണ്ട് മാത്രം ഒരു രാജ്യത്തിന്‍റെ സുരക്ഷ വിലയിരുത്താനാകില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.




