മരിച്ചത് എന്നാണെന്ന് വ്യക്തമല്ല; ബെംഗളൂരുവിലെ വീട്ടിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

ബെംഗളൂരു: അടച്ചിട്ട വീട്ടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. ബെൽഗാവി സൗന്ദട്ടി താലൂക്ക് സ്വദേശിനിയായ ദാക്ഷായണി (57) ആണ് മരിച്ചത്. ബെംഗളൂരു ബാഗൽഗുണ്ടെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹവനൂർ ലേഔട്ടിലുള്ള വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച (ഓഗസ്റ്റ് 7) അസ്ഥികൂടം കണ്ടെത്തിയത്. ഇവർ എന്ന്, എങ്ങനെ മരിച്ചു എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഭർത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി ദാക്ഷായണി ഈ വീട്ടിൽ തനിച്ചായിരുന്നു താമസം. 2005-ൽ ഏക മകൻ മരിച്ചതിനെ തുടർന്ന് ഇവർ കടുത്ത മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി സഹോദരൻ മഹേഷ് ബസപ്പ പൊലീസിന് മൊഴി നൽകി. ബെംഗളൂരുവിലും ശിവമോഗയിലുമുള്ള ആശുപത്രികളിൽ ചികിത്സ തേടിയ ഇവർക്ക് സ്കിസോഫ്രീനിയ സ്ഥിരീകരിച്ചിരുന്നു. നാല് മാസത്തോളം ഒരു പുനരധിവാസ കേന്ദ്രത്തിലും കഴിഞ്ഞിട്ടുണ്ട്. 2017-ൽ ഭർത്താവും മരിച്ചതോടെ ഇവർ പൂർണമായും ഒറ്റപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷമായി ദാക്ഷായണി കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് സഹോദരൻ മഹേഷ് സ്ഥലത്തെത്തിയാണ് മൃതദേഹം ദാക്ഷായണിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
മരണത്തിൽ ആരെയും സംശയമില്ലെന്നും ദുരൂഹതകളില്ലെന്നും സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. Forensic പരിശോധനയ്ക്ക് ശേഷമേ മരണം നടന്ന കൃത്യമായ സമയം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
