റയലിൽ തുടരും വിനീഷ്യസ്; 2032 വരെ പുതിയ കരാറിൽ ഒപ്പുവെച്ച് ബ്രസീൽ സൂപ്പർ താരം

മാഡ്രിഡ്: മാസങ്ങൾ നീണ്ട ട്രാൻസ്ഫർ ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ തുടരും. 2032 ജൂൺ 30 വരെ നീളുന്ന പുതിയ ആറുവർഷ കരാറിൽ താരവും ക്ലബും ഒപ്പുവെച്ചു. ഇതോടെ ആറു വർഷം കൂടി ബ്രസീലിയൻ താരം സാന്റിയാഗോ ബെർണബ്യൂവിൽ തന്നെ പന്തന്തട്ടും.
വിനീഷ്യസിനായി വലവിരിച്ചിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണലിന്റെ നീക്കങ്ങൾക്കാണ് ഇതോടെ തിരിച്ചടിയായത്. ഒന്നര വർഷത്തിലേറെയായി റയലും താരവും തമ്മിൽ നടന്നു വന്ന ചർച്ചകളാണ് ഒടുവിൽ തീരുമാനത്തിലെത്തിയത്. പുതിയ ദീർഘകാല കരാർ റയൽ മാഡ്രിഡ് മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ക്ലബിന്റെ ഭാവി പദ്ധതികളിൽ താരത്തിനുള്ള നിർണായക സ്വാധീനമാണ് ഈ കരാർ വ്യക്തമാക്കുന്നത്. 18-ാം വയസിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെംഗോയിൽ നിന്ന് ബെർണബ്യൂവിലെത്തിയ വിനീഷ്യസ്, കഴിഞ്ഞ എട്ട് വർഷത്തിനിടെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായി മാറിയിരുന്നു. റയൽ മാഡ്രിഡിനായി ഇതുവരെ കളത്തിലിറങ്ങിയ 375 മത്സരങ്ങളിൽ നിന്ന് 128 ഗോളുകളാണ് 26 കാരനായ താരം അടിച്ചുകൂട്ടിയത്.
