ഇന്നും എട്ടുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; നാളെമുതല്‍ മഴ കുറയുമെന്ന് പ്രവചനം ; മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ, ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ഇന്ന് കനത്ത മഴ തുടരും. ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയും ജാഗ്രതാ നിർദേശവും മുൻനിർത്തി സംസ്ഥാനത്തെ എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് പ്രാദേശിക അവധി നൽകിയിട്ടുള്ളത്. കോഴിക്കോട് പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ/പൊതു പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും മാറ്റമുണ്ടാകില്ല.
അലർട്ടുകൾ ഇങ്ങനെ:
- ഓറഞ്ച് അലർട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- മഞ്ഞ അലർട്ട്: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.
നാളെ മുതൽ മഴയുടെ തീവ്രത കുറയുമെങ്കിലും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് കടലിൽ പോകുന്നതിന് വിലക്ക് തുടരുകയാണ്.
