തുടർച്ചയായ പരിക്കുകൾ വില്ലനായി; 25-ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോൺ ടേണർ

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തി 25-ാം വയസ്സിൽ പ്രൊഫഷണൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇംഗ്ലണ്ടിന്റെ യുവ പേസര് ജോൺ ടേണർ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അലട്ടുന്ന കഠിനമായ പുറംവേദനയും തുടർച്ചയായ പരിക്കുകളുമാണ് കരിയറിന്റെ തുടക്കത്തിൽ തന്നെ വിരമിക്കൽ തീരുമാനത്തിലേക്ക് താരത്തെ തള്ളിവിട്ടത്.
2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെയാണ് ടേണർ ഇംഗ്ലണ്ട് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിനായി രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും പന്തെറിഞ്ഞ താരം മൂന്ന് വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2025 ജൂണിലാണ് ടേണർ അവസാനമായി competitive ക്രിക്കറ്റിൽ പങ്കാളിയായത്.
കൗണ്ടി ക്രിക്കറ്റിൽ ഹാംഷെയറിന്റെ പ്രധാന താരമായിരുന്ന ടേണർ അഞ്ച് വർഷത്തെ സേവനത്തിന് ശേഷമാണ് പാഡ് അഴിച്ചുവെക്കുന്നത്. പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നുള്ള പിന്മാറ്റം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്ന് താരം പ്രതികരിച്ചു. “രാജ്യത്തിനായും ഹാംഷെയറിനായും കളിക്കുക എന്നത് ചെറുപ്പം മുതലുള്ള വലിയ സ്വപ്നമായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി തുടരുന്ന പരിക്കുകളും ആരോഗ്യപ്രശ്നങ്ങളും കരിയറിനെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ എന്നെ നിർബന്ധിതനാക്കി. ക്രിക്കറ്റിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതാണ് ഉചിതമായ സമയമെന്ന് വിശ്വസിക്കുന്നു,” – വിരമിക്കൽ പ്രഖ്യാപനത്തിൽ ടേണർ വ്യക്തമാക്കി.
2021-ൽ ഹാംഷെയറിലൂടെ പ്രൊഫഷണൽ രംഗത്തേക്ക് കടന്നുവന്ന ടേണർ, 2023-ലെ ‘വൈറ്റാലിറ്റി ബ്ലാസ്റ്റ്’ ട്വന്റി20 ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ പിഴുതാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.
ടേണറുടെ അകാലത്തിലുള്ള വിരമിക്കൽ വലിയ നിരാശയാണെന്ന് ഹാംഷെയർ ക്രിക്കറ്റ് ഡയറക്ടർ ജൈൽസ് വൈറ്റ് പറഞ്ഞു. ഹാംഷെയറിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച ഒരു യുവതാരം പരിക്കുകൾ കാരണം ഇത്രയും ചെറിയ പ്രായത്തിൽ കളി അവസാനിപ്പിക്കേണ്ടി വന്നതിന്റെ വിഷമത്തിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ലോകം.
