ക്രേറ്റ ഇവിക്ക് വൻ ഓഫറുമായി ഹ്യുണ്ടേയ്; 60 ശതമാനം വരെ തുക ലഭിക്കുന്ന അഷ്വേര്‍ഡ് ബൈബാക്ക്

ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ പുനർവിൽപ്പന മൂല്യത്തിലെ (Resale Value) അനിശ്ചിതത്വം പരിഹരിക്കാൻ ആകർഷകമായ പദ്ധതിയുമായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. ജനപ്രിയ മോഡലായ ക്രേറ്റ ഇ.വിക്ക് ‘അഷ്വേർഡ് ബൈബാക്ക്’ (Assured Buyback) ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്.
പുതിയ പദ്ധതി പ്രകാരം വാഹനം വാങ്ങി മൂന്ന് വർഷത്തിനുള്ളിലോ 45,000 കിലോമീറ്റർ വരെയോ 60 ശതമാനം തുക റീസെയിൽ വാല്യൂ ആയി കമ്പനി ഉറപ്പുനൽകുന്നു. വാഹനം വിൽക്കുമ്പോൾ മൂല്യം കുത്തനെ ഇടിയുമെന്ന ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാനും ഇ.വി വിപണിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
രാജ്യാന്തര വിപണിയിലെ സാങ്കേതിക പരിചയസമ്പത്തും ക്രേറ്റ ബ്രാൻഡിനോടുള്ള വിശ്വാസ്യതയും ചേർത്തുവെച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ തരുൺ ഗാർഗ് വ്യക്തമാക്കി. വാഹനത്തിന്റെ മികച്ച ഗുണനിലവാരത്തിലും മൂല്യത്തിലുമുള്ള വിശ്വാസമാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇലക്ട്രിക് വാഹന മേഖല ശക്തിപ്പെടുത്തുന്നതിനായി ബാറ്ററി ആസ് എ സർവീസ് (BaaS), മികച്ച ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റഡ് ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ പദ്ധതികളും ഹ്യൂണ്ടായ് നടപ്പിലാക്കി വരുന്നുണ്ട്.
