ലോകകപ്പ് ആഘോഷങ്ങൾക്കു പിന്നാലെ ലമീൻ യമാലിന്റെ പ്രണയം തകർന്നു? മോശം കാര്യങ്ങൾ ഒരുപാട് കേട്ടെന്ന് ഇനസ്

ലോകകപ്പ് ആഘോഷങ്ങൾക്കു പിന്നാലെ സ്പാനിഷ് കൗമാര താരം ലമീൻ യമാലും കാമുകിയും തമ്മിൽ പിരിയുന്നതായി റിപ്പോർട്ടുകൾ. കാമുകി ഇനസ് ഗാർഷ്യ സാന്റോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളിലെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
‘ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു, ഇനി എന്താണ് പറയേണ്ടതെന്ന് അറിയില്ല’ എന്നായിരുന്നു ഇനസിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർച്ചയുടെ വക്കിലാണെന്ന പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രതികരണം.
ലോകകപ്പിൽ സ്പെയിന്റെ മത്സരങ്ങളിലുടനീളം ഗാലറിയിൽ സജീവ സാന്നിധ്യമായിരുന്ന ഇനസ്, ഫൈനൽ വിജയത്തിന് ശേഷം ട്രോഫിയുമേന്തി യമാലിനൊപ്പം ഗ്രൗണ്ടിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ നിലവിലുയരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് യമാലോ ഇനസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, യമാലുമായുള്ള ബന്ധത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് ഇനസ് നേരിടുന്നത്. താരത്തിന്റെ പ്രശസ്തി മുതലെടുക്കാനാണ് ഇനസ് ശ്രമിക്കുന്നതെന്നാണ് സ്പാനിഷ് ആരാധകരിൽ ഒരു വിഭാഗത്തിന്റെ ആരോപണം.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് നേരിട്ട് കാണുകയായിരുന്നെന്നും ഒരു ടിക് ടോക് വീഡിയോയിലൂടെ ഇനസ് മുൻപ് വ്യക്തമാക്കിയിരുന്നു. ഗ്രീസ് യാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇവരുടെ പ്രണയം പരസ്യമാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ബാർസിലോന ക്ലബ്ബിന്റെ ഔദ്യോഗിക വിരുന്നിൽ ഇനസിനൊപ്പമാണ് യമാൽ എത്തിയത്. സെവിയ്യ സ്വദേശിയായ ഇനസ് ഗാർഷ്യക്ക് ഇൻസ്റ്റഗ്രാമിൽ 43 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
