എട്ട് മാസമായി വൈദ്യുതിയില്ല; മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ പ്രവർത്തിച്ച് പോസ്റ്റ് ഓഫീസ്

കാസർകോട്: വെളിച്ചം വെട്ടിത്തുളക്കേണ്ട ഓഫീസ് മുറികളിൽ മൊബൈൽ ഫോൺ ഫ്ലാഷിന്റെ നേരിയ വെളിച്ചത്തിൽ ജോലികൾ. കാസർകോട് രാംദാസ് നഗർ പോസ്റ്റ് ഓഫീസിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് എട്ട് മാസത്തോളമായെങ്കിലും അധികൃതരുടെ അലംഭാവം തുടരുകയാണ്. കടുത്ത വേനൽച്ചൂടിലും ഇരുട്ടിലുമാണ് ജീവനക്കാരും ഇവിടെയെത്തുന്ന പൊതുജനങ്ങളും ദുരിതം പേറുന്നത്.
മധൂർ പഞ്ചായത്ത് കെട്ടിടത്തിലാണ് ഈ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. എട്ട് മാസം മുമ്പ് ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇവിടത്തെ പഴയ വൈദ്യുതി കണക്ഷൻ പൂർണ്ണമായി തകരാറിലായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി, പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പ്രത്യേക വൈദ്യുതി കണക്ഷൻ എടുക്കണമെന്ന് കർശന നിർദ്ദേശം നൽകി.
എന്നാൽ, ഇതിനാവശ്യമായ അറുപതിനായിരം രൂപ അടയ്ക്കുന്നതിനോ പുതിയ കണക്ഷനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനോ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ല. തുകയടയ്ക്കുന്നതിലെ കാലതാമസവും ഭരണപരമായ അനാസ്ഥയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാകുമ്പോൾ, ജീവനക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
പോസ്റ്റ് ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിൽ തപാൽ വകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. രാംദാസ് നഗർ പോസ്റ്റ് ഓഫീസിന് പുറമെ പഞ്ചായത്ത് ലൈബ്രറി ഉൾപ്പെടെയുള്ള മറ്റ് മൂന്ന് സ്ഥാപനങ്ങളും മാസങ്ങളായി സമാനമായ ഇരുട്ടിലാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കണ്ട് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ശക്തമായ ആവശ്യം.
