കോപ്പ ദെ ബ്രസീലിൽ സാന്റോസിന്റെ വിജയത്തിന് പിന്നാലെ നാടകീയ രംഗങ്ങള്, നെയ്മർ ‘തെമ്മാടി’യെന്ന് എതിർ ക്ലബ് അധ്യക്ഷൻ

റിയോ ഡി ജെനീറോ: കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടറിൽ റെമോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സാന്റോസ് ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, മത്സരശേഷമുള്ള നാടകീയ സംഭവങ്ങൾ വൻ വിവാദത്തിലേക്ക്. എതിർ ടീം ആരാധകരുമായും ഉദ്യോഗസ്ഥരുമായും വാക്കേറ്റത്തിലേർപ്പെട്ട ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ രൂക്ഷമായി വിമർശിച്ച് റെമോ ക്ലബ് പ്രസിഡന്റ് ആന്റണിയോ കാർലോസ് ടെക്സീറ രംഗത്തെത്തി. നെയ്മറെ ‘തെമ്മാടി’ എന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റെമോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലുടനീളം ഗാലറിയിൽ നിന്ന് നെയ്മർക്കെതിരെ കടുത്ത അധിക്ഷേപങ്ങളും കൂവലുകളും ഉയർന്നിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. മത്സരം അവസാനിച്ചതിന് പിന്നാലെ മിക്സഡ് സോണിലൂടെ മടങ്ങവേ, എതിർ ടീം ആരാധകരെയും ഉദ്യോഗസ്ഥരെയും നോക്കി “ടൂർണമെന്റിൽ നിന്ന് പുറത്തായി… പുറത്തായി…” എന്ന് നെയ്മർ അലറിവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
‘സാന്റോസിന് ഇത്തരം ചീപ്പ് കളികളുടെ ആവശ്യമില്ല’
സംഭവത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് റെമോ പ്രസിഡന്റ് ആന്റണിയോ കാർലോസ് പ്രതികരിച്ചത്. സാന്റോസിന് ജയിക്കാൻ ഇങ്ങനെയുള്ള ചീപ്പ് കളികളുടെ ആവശ്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“കൊച്ചുകൂട്ടികൾ വരെ ആരാധിക്കുന്ന ആ തെമ്മാടി നെയ്മർ ഇവിടെ വന്ന് കോമാളിത്തരം കാണിക്കുകയും ഞങ്ങളെ പ്രകോപിപ്പിക്കുകയുമായിരുന്നു. ഇവനെപ്പോലൊരു തെമ്മാടിയെ ആരാധിക്കുന്നതിന് നമ്മളെത്തന്നെ വേണം കുറ്റം പറയാൻ” -റെമോ പ്രസിഡന്റ് തുറന്നടിച്ചു.
ഭാവിയെക്കുറിച്ച് ഉറപ്പില്ലെന്ന് നെയ്മർ
വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും സാന്റോസുമായുള്ള തന്റെ കരാർ ഡിസംബറിൽ അവസാനിക്കാനിരിക്കെ, സ്വന്തം ഫുട്ബോൾ ഭാവിയെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ലെന്ന് നെയ്മർ വ്യക്തമാക്കി. തൽക്കാലം കരാർ പൂർത്തിയാക്കുക മാത്രമാണ് ലക്ഷ്യമെന്നും, അതിനുശേഷമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. സാന്റോസിൽ തുടരണമോ, മറ്റ് ക്ലബ്ബിലേക്ക് മാറണമോ അതോ ഫുട്ബോളിൽ നിന്ന് വിരമിക്കണമോ എന്ന കാര്യം ആ സമയത്ത് തീരുമാനിക്കുമെന്നാണ് താരം വ്യക്തമാക്കിയത്.
