ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന റോഡ്രിഗ്സ് വിവാഹം ശനിയാഴ്ച, അതിഥികളുടെ പട്ടിക പുറത്ത്; മെസിയെത്തുമോ എന്നതില് ആകാംക്ഷ

ൻചാൽ (പോർച്ചുഗൽ): പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും (41) ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗ്സും (32) വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗീസ് ദ്വീപ് മദീരയിലെ പ്രസിദ്ധമായ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ച ചടങ്ങുകൾ നടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒമ്പത് വർഷമായി ഒരുമിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ക്രിസ്റ്റ്യാനോയും ജോർജീനയും നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസം. സൗദി ക്ലബ്ബായ അൽ നസറിന് വേണ്ടിയാണ് റൊണാൾഡോ നിലവിൽ പന്ത് തട്ടുന്നത്.
വ്യാജ ക്ഷണക്കത്തും ചർച്ചയാകുന്ന അതിഥിപ്പട്ടികയും
വിവാഹവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിച്ച ക്ഷണക്കത്ത് വ്യാജമാണെങ്കിലും, അതിൽ ഉൾപ്പെട്ട വൻതാരനിരയുടെ അതിഥിപ്പട്ടിക ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. റൊണാൾഡോയുടെ എക്കാലത്തെയും വലിയ ഫുട്ബോൾ എതിരാളിയായ അർജന്റീന നായകൻ ലയണൽ മെസിയുടെ പേരും പട്ടികയിലുണ്ട് എന്നത് ഏറെ കൗതുകമുണർത്തുന്നു.
ഫുട്ബോൾ ലോകത്തിന് പുറമെ വലിയൊരു താരനിര തന്നെ ചടങ്ങിനെത്തുമെന്നാണ് സൂചന:
- ഫുട്ബോൾ പ്രമുഖർ: റിയോ ഫെർഡിനാൻഡ്, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, സർ അലക്സ് ഫെർഗൂസൻ, വെയ്ൻ റൂണി, സിനദിൻ സിദാൻ.
- സിനിമാ-സംഗീത ലോകം: വിൻ ഡീസൽ, റിആന്ന, ജെന്നിഫർ ലോപ്പസ്, ഡ്രേക്ക്, ട്രാവിസ് സ്കോട്ട്.
ഒരുക്കങ്ങളും വിവാഹ സൽക്കാരവും
താൻ ജനിച്ചുവളർന്ന ജന്മനാടായ ഫുൻചാലിൽ വെച്ച് വിവാഹം കഴിക്കണമെന്നത് റൊണാൾഡോയുടെ വലിയൊരു ആഗ്രഹമായിരുന്നു. ചടങ്ങുകൾക്ക് ശേഷം ഫുൻചാലിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ ‘സവോയ് പാലസി’ലാകും വിവാഹ സൽക്കാരം നടക്കുക. വി.വി.ഐ.പി അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കടുത്ത നിയന്ത്രണങ്ങളും സ്വകാര്യതയും ഉറപ്പാക്കാൻ ഹോട്ടലിലെ പ്രധാന ഫ്ലോറുകൾ മുഴുവനായി റിസർവ് ചെയ്തിട്ടുണ്ട്.
2016-ൽ മാഡ്രിഡിലെ ഗുച്ചി ഷോറൂമിൽ വെച്ചാണ് ജോർജീനയും ക്രിസ്റ്റ്യാനോയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്പാനിഷ് മോഡലും ഇൻഫ്ലുവൻസറുമായ ജോർജീനയുടെ ജീവിതം ആസ്പദമാക്കി ‘സോയ് ജോർജീന’ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്.
