കൊച്ചിയിൽ എംവിഡിയുടെ പരിശോധന: അമിതഭാരം കയറ്റിയ 48 ലോറികൾക്ക് 16 ലക്ഷത്തിലേറെ പിഴ

കൊച്ചി: റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടത്തിയ മിന്നൽ പരിശോധനയിൽ അമിതഭാരം കയറ്റിയ 48 ചരക്ക് ലോറികൾക്കെതിരെ കർശന നടപടി. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്നായി ആകെ 16,74,000 രൂപ പിഴ ഈടാക്കി.
എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലാണ് എറണാകുളം ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയത്. അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധനകൾ.
അമിതഭാരം കയറ്റി ചീറിപ്പാഞ്ഞുപോകുന്ന ചരക്കുവാഹനങ്ങൾക്കെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് എംവിഡിയുടെ നടപടി. റോഡപകടങ്ങൾ ലഘൂകരിക്കുന്നതിന്റെയും നിയമലംഘനങ്ങൾ കർശനമായി നേരിടുന്നതിന്റെയും ഭാഗമായി വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
