പാണക്കാട് മണ്ണിടിച്ചിൽ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി; ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി നഗരസഭ

മലപ്പുറം: പാണക്കാട്-വേങ്ങര റോഡിലുണ്ടായ മണ്ണിടിച്ചിലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവൃത്തി നടത്തിയ സ്ഥലത്തിന്റെ ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിശദീകരണം ലഭിച്ചയുടൻ ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പരിശോധനകൾ നടക്കും. തുടർച്ചയായ മഴ തുടരുന്നതിനാൽ നിലവിൽ മണ്ണ് നീക്കം ചെയ്യൽ സാധ്യമായിട്ടില്ല. അപകടസാധ്യത പൂർണ്ണമായി ഒഴിവായാൽ മാത്രമേ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ വീടുകളിലേക്ക് തിരിച്ചയക്കുകയുള്ളൂ. സുരക്ഷ മുൻനിർത്തി പാണക്കാട്-വേങ്ങര റൂട്ടിലെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.
വീഴ്ചകളിലേക്ക് വെളിച്ചം വീശി രേഖകൾ
കഴിഞ്ഞ വർഷം സെപ്റ്റംബർ 26നാണ് ഇവിടെ കെട്ടിട നിർമ്മാണത്തിനായി പെർമിറ്റ് അനുവദിച്ചത്. എന്നാൽ, പാറ പൊട്ടിക്കുന്നതിന് ജിയോളജി വകുപ്പ് നൽകിയ അനുമതിയുടെ കാലാവധി ജൂൺ 19നും, മണ്ണെടുക്കുന്നതിന് നഗരസഭ നൽകിയ അനുമതിയുടെ കാലാവധി ജൂൺ 20നും അവസാനിച്ചിരുന്നു. പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമായി തുടരുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭ നടപടി സ്വീകരിച്ചത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള കുന്നിൻചെരുവിൽ നിന്ന് മണ്ണിടിച്ചിൽ ആരംഭിച്ചത്. തുടർന്ന് 9:30ഓടെ വൻമൺകൂന റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകൾ ഇരുവശങ്ങളിലേക്കും ഓറിയോടിയത് കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
മണ്ണിടിച്ചിലിനിടയിൽപ്പെട്ട് കൈരളി ടിവി ക്യാമറമാൻ ജയേഷിന് പരിക്കേറ്റു. രക്ഷപ്പെടാൻ പിറകോട്ട് ഓടുന്നതിനിടയിൽ മണ്ണു വന്നു വീണ് ചെളിയിൽ അകപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ജയേഷിനെ പുറത്തെടുത്തത്. കൈക്ക് നിസ്സാര പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയ്ക്ക് 1:45ഓടെയും പ്രദേശത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ആവർത്തിച്ചു.
നാട്ടുകാരുടെ പരാതിയും ആശങ്കയും
മണ്ണിടിച്ചിലിന് രണ്ട് ദിവസം മുൻപ് തന്നെ ചെറിയ തോതിൽ മണ്ണ് ഇഴ്ന്നിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. മലപ്പുറം-വേങ്ങര റൂട്ടിൽ നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. ഇതിന് തൊട്ടടുത്തായി ഒരു സ്വകാര്യ സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. ബാക്കി ഭാഗങ്ങളിൽ കൂടി ഇനിയും മണ്ണിടിയാനുള്ള സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
