വമ്പൻ പദ്ധതിയുമായി കേന്ദ്രം, ചെലവ് 45,000 കോടി രൂപ; ലക്ഷ്യം അതിർത്തികളിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം

ന്യൂഡൽഹി: ചൈന, പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിൽ സുരക്ഷയും കണക്റ്റിവിറ്റിയും ലക്ഷ്യമിട്ട് വൻകിട റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ 45,000 കോടി രൂപയാണ് ഈ തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപിക്കുന്നത്. വടക്കുകിഴക്കൻ അതിർത്തിയുടെ വികസനത്തിനായി നടപ്പാക്കുന്ന എക്കാലത്തെയും വലിയ പദ്ധതികളിൽ ഒന്നാണിത്.
അടുത്ത രണ്ട് വർഷത്തെ മൊത്തം റെയിൽ അടിസ്ഥാന സൗകര്യ ബജറ്റിന്റെ 22 ശതമാനത്തോളം വരുന്ന തുകയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, അസാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. പുതിയ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുക, പ്ലാറ്റ്ഫോമുകൾ സജ്ജീകരിക്കുക, നിലവിലുള്ള ശൃംഖലകൾ ആധുനികവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുകയെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.
സൈനിക ആവശ്യങ്ങൾക്കൊപ്പം സാധാരണക്കാരുടെ യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഹിമാലയൻ അതിർത്തികൾ, തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴി (Siliguri Corridor), വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും സൈനികരെയും ആയുധസാമഗ്രികളും വേഗത്തിൽ എത്തിക്കാൻ സാധിക്കും. വർഷങ്ങളായി വികസനം എത്താത്ത അതിർത്തി പ്രദേശങ്ങളിൽ മികച്ച യാത്രാസൗകര്യം ഉറപ്പാക്കാനും പദ്ധതി വഴിയൊരുക്കും.
അതിർത്തികളിലെ മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കം. അതിർത്തി തർക്കങ്ങൾ നിലനിൽക്കെത്തന്നെ ചൈന അതിർത്തി മേഖലകളിൽ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിപ്പിച്ചു വരികയാണ്. കൂടാതെ, പാകിസ്താനുമായുള്ള അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളും ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും അതിർത്തിയിലെ റെയിൽ വികസനത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിപ്പിക്കുന്നു.
