5 കോടി ലാഭം, 4 കോടി കമ്മിഷൻ; 20 കോടിയുടെ ഫ്ലാറ്റ് കാടായി: വടക്കാഞ്ചേരിയിലെ ‘പ്രേതഭവനം’…

തൃശൂർ: കോടികളുടെ അഴിമതിക്കഥകൾ പുറത്തുവന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം ഇന്ന് നാഥനില്ലാക്കളരിയായി കാടുകയറി നശിക്കുന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച അഴിമതിക്കേസിനപ്പുറം, വീടില്ലാത്ത നിർധനർക്കായി അനുയോജ്യമല്ലാത്ത വിജനമായ കുന്നിൻചെരുവിൽ ഇത്രയും വലിയൊരു പദ്ധതി തള്ളിക്കയറ്റിയതിന് പിന്നിലെ വൻ നീക്കങ്ങളാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. വടക്കാഞ്ചേരി ചരൽപ്പറമ്പിലെ ഈ കെട്ടിടസമുച്ചയം ഒരു പ്രേതഭവനം പോലെ പാഴ്മരങ്ങൾക്കിടയിൽ മറഞ്ഞുതുടങ്ങുകയാണ്.
യു.എ.ഇ റെഡ് ക്രസന്റ് സൗജന്യമായി നൽകിയ 20 കോടി രൂപയിൽ 4 കോടി രൂപ വീതം വെച്ചെടുക്കുകയായിരുന്നു കേസിലെ പ്രധാന പ്രതികൾ. കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ 5 കോടി രൂപ ലാഭവിഹിതമായി ആദ്യം തന്നെ കൈപ്പറ്റി. ബാക്കിവന്ന തുച്ഛമായ തുക ഉപയോഗിച്ചാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 3 കെട്ടിടങ്ങളിലായി 140 കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ അഴിമതി പുറത്തുവരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ പണി പൂർണ്ണമായി നിലച്ചു.
പദ്ധതിയുടെ ഭാഗമായി നിർമിച്ച പ്രാഥമിക ആരോഗ്യകേന്ദ്രം കാടുകയറി മൂടിയ നിലയിലാണ്. ഇതിന്റെ ജനൽച്ചില്ലുകൾ ഉൾപ്പെടെയുള്ളവ മോഷ്ടിക്കപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇടുങ്ങിയതും ഗതാഗതയോഗ്യമല്ലാത്തതുമായ വഴിയിലൂടെ വേണം ഫ്ലാറ്റ് പരിസരത്തെത്താൻ. ചരൽപ്പറമ്പ് ജങ്ഷൻ വരെയുള്ള ടാറിങ് കഴിഞ്ഞാൽ, റബർ-പൈനാപ്പിൾ തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ഒരു കിലോമീറ്ററോളം വരുന്ന മൺപാതയും കുത്തിറക്കവും താണ്ടി വേണം ഇവിടെയെത്താൻ.
2018-ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകാനെന്ന പേരിലാണ് നിർമാണം തുടങ്ങിയതെങ്കിലും ഗുണഭോക്താക്കളെപ്പോലും ഇതുവരെ അന്തിമമായി തിരഞ്ഞെടുത്തിട്ടില്ല. അഴിമതിക്കെതിരെ കേസ് നൽകിയ അന്നത്തെ എം.എൽ.എ അനിൽ അക്കരെയാണ് പദ്ധതി മുടക്കിയതെന്ന രാഷ്ട്രീയ പ്രചാരണത്തിനപ്പുറം, പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പൂർത്തിയാകാത്ത കെട്ടിടം കാടുമൂടി നശിക്കുമ്പോൾ, അടച്ചുപൂട്ടിയത് അനാഥരായ ഒരുപറ്റം മനുഷ്യരുടെ പ്രതീക്ഷകൾ കൂടിയാണ്.
